Thursday, July 16, 2015

യൂറോപ്യൻ യൂണിയൻ: ഇളക്കം തട്ടുന്ന അടിത്തറ

ഗ്രീസിലെ സാമ്പത്തിക പ്രതിസന്ധിയെ പറ്റി ചർച്ച ചെയ്യാൻ ചേർന്ന യൂറോപ്യൻ യൂണിയൻ നേതാക്കളുടെ യോഗം കഠിനമായ വ്യവസ്ഥകളോടെ മൂന്നാമതും ഗ്രീസിനു സാമ്പത്തിക സഹായം നൽകാൻ തീരുമാനിച്ച് താൽകാലികമായി പ്രശ്നത്തിനു വിരാമമിടാൻ ശ്രമിക്കുന്നു. ഗ്രീക്ക് പാർലമെൻറ് കൂടി വ്യവസ്ഥകൾക്ക് അംഗീകാരം നൽകിയതോടെ സാമ്പത്തികമായ പ്രശ്നങ്ങൾ ഒരു പക്ഷെ അല്പകാലത്തേയ്ക്ക് ഒതുങ്ങിയേക്കാമെങ്കിലും ഈ സംഭവത്തിന്റെ രാഷ്ട്രീയമായ തുടർചലനങ്ങൾ ദീർഘകാലം നീണ്ട് നിൽക്കുന്നതും യൂറോപ്യൻ യൂണിയന്റെ  ഭാവിയെ തന്നെ ചോദ്യം ചെയ്യാൻ സാധ്യതയുള്ളവയുമാണു.

1993ലാണു ഏറെ കാലമായി ഉരുത്തിരിഞ്ഞ് വരികയായിരുന്ന യൂറോപ്പിലെ രാജ്യങ്ങൾക്ക് പൊതുവായ ഒരു നാണയവും വിപണിയും എന്ന ആശയം ഇന്നത്തെ യൂറോപ്യൻ യൂണിയൻ ആയി രൂപം പ്രാപിച്ചത്. സാമ്പത്തികമായി എല്ലാവർക്കും ഗുണകരമായ ആശയം എന്നതിലുപരി ചെറു രാജ്യങ്ങൾ ആയി ഭിന്നിച്ച് കിടക്കുകയും ദേശീയവാദം കാരണം ആരംഭിച്ച ശിഥിലീകരണം രണ്ട് ലോകമഹായുദ്ധങ്ങൾക്ക് വഴി വെയ്ക്കുകയും ചെയ്ത യൂറോപ്പിന്റെ രാഷ്ട്രീയമായ സ്ഥിരത കൂടി ലക്ഷ്യമിട്ടാണു ഏകീകൃത യൂറോപ്പ് എന്ന ആശയം വിഭാവനം ചെയ്യപ്പെട്ടത്. ഒറ്റ വിപണിയും നാണയവും അതിർത്തികളില്ലാത്ത ചരക്ക് നീക്കവും തൊഴിലവസരങ്ങളും ആയി യൂറോ സോൺ ഒരു വിജയം തന്നെ ആണു എന്ന് വിലയിരുത്തേണ്ടി വരും.

എന്നാൽ കൃത്രിമമായി നിർമ്മിക്കപ്പെട്ട എന്തിനെയും പോലെ യൂറോപ്യൻ യൂണിയന്റെ ഉള്ളിലും സൂക്ഷ്മമായി പരിശോധിച്ചാൽ തുടക്കം മുതൽ തന്നെ വിള്ളലുകൾ ദൃശ്യമായിരുന്നു. സാമ്പത്തികമായി ഏറെ മുന്നിൽ നിൽക്കുന്ന ജെർമ്മനി, ബ്രിട്ടൻ തുടങ്ങിയ രാജ്യങ്ങളൂം പോളണ്ട്, റൊമാനിയ, ഗ്രീസ് മുതലായ രാജ്യങ്ങളും തമ്മിൽ വിപണിയുടേയും തൊഴിൽ സംസ്കാരത്തിന്റെയും രാഷ്ട്രീയ നിലപാടുകളൂടേയും കാര്യത്തിൽ ഭീമമായ അന്തരം ആണു ഉള്ളത്. യൂറോ സോൺ എന്ന ആശയം തങ്ങൾക്ക് അനുകൂലമായ രീതികളിൽ മുതലെടുക്കാൻ എല്ലാ രാജ്യങ്ങളും ശ്രമിച്ചത് കൊണ്ട് ഉരുത്തിരിഞ്ഞ ഒരു സമവാക്യമാണു ആദ്യകാലങ്ങളിൽ നിലനിന്നിരുന്നത്.

തുറന്ന വിപണിയിലെ അവസരങ്ങളിൽ കണ്ണ് വെച്ച ബ്രിട്ടൻ പക്ഷെ കറൻസി മൂല്യമേറിയ പൗണ്ടിൽ നിന്ന് യൂറോയിലേക്ക് മാറ്റാൻ തയ്യാറായില്ല. വ്യാവസായികമായി യൂറോപ്പിലെ വൻ ശക്തിയായ ജെർമ്മനി തങ്ങളുടെ ഉൽപ്പന്നങ്ങൾക്ക് പുതിയ വിപണി തുറന്ന് കിട്ടുമെങ്കിൽ യൂറോപ്യൻ യുണിയൻ എന്ന പദ്ധതിയെ സാമ്പത്തികമായി ചുമലിലേറ്റാൻ തയ്യാറായിരുന്നു. പോളണ്ടിലെയും ഗ്രീസിലേയും പോർച്ചുഗലിലേയും ജനങ്ങൾക്ക് തൊഴിലവസരവും ഉയർന്ന മൂല്യമുള്ള യൂറോ കറൻസിയും രണ്ടാമതൊന്ന് ചിന്തിക്കാൻ അവസരമൊരുക്കിയില്ല.

എല്ലാ അംഗരാജ്യങ്ങൾക്കും ജനാധിപത്യപരമായി അവകാശമുള്ളതും സ്വന്തം അഭിപ്രായങ്ങൾ പ്രകടിപ്പിക്കാവുന്നതുമായ യൂറോപ്യൻ യൂണിയന്റെ ആസ്ഥാനം ബെൽജിയത്തിന്റെ തലസ്ഥാനമായ ബ്രസ്സൽസിൽ ആണു സ്ഥിതി ചെയ്യുന്നത്. രണ്ട് പതിറ്റാണ്ട് കാലം കൊണ്ട് മാറിയ ലോകക്രമവും രാഷ്ട്രീയ-സാമ്പത്തിക ചുറ്റുപാടുകളൂം ബ്രസ്സൽസിലെ ആസ്ഥാനത്തും പ്രതിഫലിച്ചു. 2008ലെ സാമ്പത്തിക മാന്ദ്യത്തിന്റെ അലയൊലികൾ യൂറോ സോണിൽ സാമ്പത്തികമായ രാജ്യങ്ങൾ തമ്മിലുള്ള അന്തരം ഏറെ വലുതാക്കി. 

ഗ്രീസ്, പോർച്ചുഗൽ, സ്പെയിൻ പോലെയുള്ള ചില രാജ്യങ്ങളുടെ സാമ്പത്തിക പരാധീനതകൾ യൂറോപ്യൻ യൂണീയന്റെ പൊതു ഫണ്ടിൽ നിന്ന് പണം നൽകി പരിഹരിക്കേണ്ടി വരുന്നത് ജെർമ്മനി, ഫ്രാൻസ് പോലെ സാമ്പത്തികമായി മുന്നിൽ നിൽക്കുന്ന രാജ്യങ്ങൾക്ക് കല്ലുകടി ആയി. സാമ്പത്തിക അച്ചടക്കം പാലിക്കാതെ യൂറോ സോണിൽ നിന്ന് കിട്ടുന്ന ആനുകൂല്യങ്ങൾ ഈ രാജ്യങ്ങൾ ധൂർത്തടിക്കുന്നത് ബാധ്യത ആവുന്നു എന്നാണു ഇവരുടെ പക്ഷം. എന്നാൽ ജെർമ്മനി, ബ്രിട്ടൻ പോലുള്ള രാജ്യങ്ങൾ നാറ്റോ സഖ്യത്തിന്റെ ഭാഗമായി അമേരിക്കയുടെ യുദ്ധങ്ങളിൽ പങ്കാളികൾ ആവുന്നത് രാഷ്ട്രീയപരമായി എല്ലാ യൂറോപ്യൻ രാജ്യങ്ങൾക്കും രസിക്കുന്ന കാര്യമല്ല. ഫ്രാൻസൊക്കെ പലപ്പോഴായി വിയോജിപ്പ് രേഖപ്പെടുത്തിയിട്ടുണ്ട്. നാറ്റോയുടെ പ്രവർത്തികൾ യൂറോപ്പിനെ പൊതുവായി സാമ്പത്തികമായും സാമൂഹികമായും ബാധിക്കും എന്ന് പല രാജ്യങ്ങളൂം ഭയപ്പെടുന്നു.

ഈ സാഹചര്യത്തിലാണു ഗ്രീസ് പ്രതിസന്ധി നിർണായകമാവുന്നത്. അന്താരാഷ്ട്ര നാണയ നിധിയിൽ നിന്നും യൂറോപ്യൻ സെൻട്രൽ ബാങ്കിൽ നിന്നും പല തവണയായി കൈപ്പറ്റിയ വായ്പകൾ തിരിച്ചടയ്ക്കാൻ കഴിയാതെ വന്ന ഗ്രീസിനു ഇതിനു മുന്നെ അവധികൾ നൽകിയിട്ടുള്ളതാണു. ഐ എം എഫിന്റെ നിർദേശ പ്രകാരം സാമ്പത്തിക അച്ചടക്കം പാലിക്കാനുള്ള നടപടികൾ പെൻഷൻ പ്രായം വർദ്ധിപ്പിക്കുക സർക്കാർ ചെലവഴിക്കുന്ന പണം ചുരുക്കുക തുടങ്ങിയ നടപടികൾ കുറച്ച് വർഷങ്ങളായി നടപ്പിലാക്കി വരികയാണു. ഇത് തൊഴിലില്ലായ്മയും രാജ്യത്തെ സാമ്പത്തിക ഞെരുക്കവും വർദ്ധിപ്പിച്ചു. മനസ്സ് മടുത്ത ജനങ്ങൾ യൂറോപ്യൻ യൂണീയന്റെ നടപടികളെ എതിർക്കുന്ന് തീവ്ര ഇടത്പക്ഷ കക്ഷിയെ അധികാരത്തിൽ എത്തിച്ചു. ഈ സർക്കാർ കടം തിരിച്ചടവ് മുടക്കുകയും യൂറോപ്യൻ യൂണീയൻ വ്യവസ്ഥകൾ അംഗികരിക്കാൻ തയ്യാറാവാതെ ജനങ്ങൾക്കിടയിൽ റെഫറണ്ടം നടത്തുകയും ചെയ്തു. സാമ്പത്തിക അച്ചടക്ക നടപടികളെ പാടെ നിരാകരിച്ച ഗ്രീക്ക് ജനത യൂറോപ്യൻ യൂണീയനിൽ നിന്ന് പുറത്ത് പോകേണ്ടി വന്നാലും വ്യവസ്ഥകൾ അംഗീകരിച്ച് മറ്റൊരു അവധി നേടേണ്ടതില്ല എന്ന് വിധിക്കുകയും ചെയ്തു.

ജെർമ്മനിയുടെ നേതൃത്വത്തിൽ ഉള്ള യുറോപ്യൻ യൂണിയൻ ഗ്രീസുമായി ഒരു സന്ധിക്കും തയ്യാറില്ലാത്ത നിലപാടാണു തുടക്കത്തിൽ സ്വീകരിച്ചത്. ഗ്രീസ് പോകുന്നെങ്കിൽ പോകട്ടെ അതിനും തയ്യാർ എന്ന നിലപാട് കടം നൽകിയ പണം തിരിച്ച് പിടിക്കുന്നതിനായി ഒരു അംഗരാജ്യത്തെ യൂറോപ്യൻ യൂണിയൻ പുറത്താക്കുന്നു എന്ന സാഹചര്യം ആണു സൃഷ്ടിച്ചത്. ഏകീകൃത യൂറോപ്പ് എന്ന യൂണിയന്റെ പ്രഖ്യാപിത ലക്ഷ്യത്തിനു വിരുദ്ധമാണു ഈ നിലപാട്. ജെർമ്മനിയും ഫ്രാൻസുമൊക്കെയാകട്ടെ ഗ്രീസിനോട് എടുക്കുന്ന നിലപാട് ഇതേ സാമ്പത്തിക സ്ഥിതിയിൽ അടുത്തതായി തകരാം എന്ന നിലയിൽ തുടരുന്ന ഇറ്റലി, പോർച്ചുഗൽ, സ്പെയിൻ തുടങ്ങിയവർക്കുള്ള ഒരു സന്ദേശമായി ആണു ഉദ്ദേശിക്കുന്നത്. സാമ്പത്തിക അച്ചടക്കം പാലിക്കാത്തവർക്ക് ഒരു മുന്നറിയിപ്പ്.

സാമ്പത്തികമായ കടും പിടിത്തം ഗ്രീസിലെ ജനങ്ങളൂടെ ശബ്ദത്തിനെ വക വെയ്ക്കാത്ത രീതിയിലുള്ള നടപടിയിലേക്ക് നീങ്ങുന്നതൊടെ ദേശീയതകൾ വീണ്ടും തലപൊക്കാൻ തുടങ്ങുകയാണു. യൂറോപ്യൻ യൂണിയൻ എന്നത് പ്രധാനമായും ഫ്രാൻസും ജെർമ്മനിയും തമ്മിലുള്ള കൂട്ടായ്മ നിർണ്ണയിക്കുന്ന ഒരു പദ്ധതിയാണു എന്ന് പണ്ട് മുതൽ തന്നെ വിലയിരുത്തലുകൾ ഉണ്ട്. ഇപ്പോഴത്തെ പ്രശ്നം ഫ്രാൻസും ജെർമ്മനിയും തമ്മിൽ അഭിപ്രായ വ്യത്യാസങ്ങൾ ഉടലെടുക്കുന്നതിനും കാരണമായേക്കാം. മൊത്തം ആഭ്യന്തര ഉല്പാദനത്തിന്റെ 97.5% കടം ഉള്ള ഫ്രാൻസിന്റെ നിലയും അല്പം പരുങ്ങലിലാണു. യൂറോ സോൺ നിലവിൽ വന്നതിനു ശേഷമുള്ള കണക്കുകൾ നോക്കിയാൽ ജെർമ്മനിക്കാണു ഏറ്റവും കുടുതൽ സാമ്പത്തികമായ ഗുണം കിട്ടിയിട്ടുള്ളത് എന്ന് കാണാം. ഫ്രാൻസും നെതർലാന്റ്സും ബ്രിട്ടനുമൊക്കെ താരതമ്യേന മെച്ചം ഉണ്ടാക്കിയപ്പോൾ ഇറ്റലി, പോർച്ചുഗൽ തുടങ്ങിയ ചില രാജ്യങ്ങൾ പണ്ടത്തേതിനേക്കാൾ മോശമായ അവസ്ഥയിലാണു. അത് കൊണ്ട് സാമ്പത്തികമായി യൂറോപ്യൻ യൂണിയൻ നിലനിൽക്കേണ്ടത് എല്ലാ രാജ്യങ്ങളുടേയും ആവശ്യമല്ല. യൂറോപ്യൻ യൂണിയൻ വിട്ട് പോകേണ്ടി വരും എന്നുള്ളത് ഒരു ഭയമായും ഭീഷണി ആയും അംഗരാജ്യങ്ങൾക്കെതിരെ ഉപയോഗിക്കുന്നതും പരസ്പര വിശ്വാസം വളർത്തുന്ന നടപടി അല്ല.

ഏകീകൃത യൂറോപ്പ് എന്ന രാഷ്ട്രീയ ആശയത്തിന്റെ പേരിൽ യൂണിയനിൽ തുടർന്നിരുന്ന ചില രാജ്യങ്ങൾ എങ്കിലും അവരുടെ ജനാധിപത്യപരമായ സ്വാതന്ത്ര്യങ്ങൾ ഹനിക്കപ്പെടുന്നു എന്ന് ചിന്തിക്കാൻ തുടങ്ങുമ്പോൾ യൂണീയന്റെ ഭാവി തന്നെയാണു അനിശ്ചിതത്വത്തിലേക്ക് നീങ്ങുന്നു. ബ്രിട്ടൻ സമീപഭാവിയിൽ തന്നെ യൂറോപ്യൻ യൂണിയനിൽ തുടരേണ്ടതുണ്ടോ എന്ന വിഷയത്തിൽ ചർച്ച ആരംഭിക്കാൻ ഇരിക്കുകയാണു. കൂടാതെ ഗ്രീക്ക് പാർലമെന്റിൽ ഇപ്പോൾ തന്നെ ജനം റെഫറണ്ടം വഴി നിരാകരിച്ച ചെലവ് ചുരുക്കൽ നടപടി അടിച്ചേൽപ്പിക്കുന്നത് ഗ്രീസിനെ നാണം കെടുത്താനുള്ള ജെർമ്മനിയുടെ പദ്ധതിയാണു എന്ന് ആരോപണങ്ങൾ ഉയരുന്നുണ്ട്. ഒന്നാം ലോകമഹായുദ്ധത്തിൽ ജെർമ്മനി മറ്റു രാജ്യങ്ങൾക്ക് യുദ്ധക്കെടുതിയുടെ നഷ്ടപരിഹാരം നൽകണം എന്ന് ആവശ്യപ്പെട്ട് ഗ്രീസിനെ ചെയ്ത പോലെ അടിച്ചേൽപ്പിച കനത്ത സാമ്പത്തിക നടപടികൾ ആണു നാസി പാർട്ടിയുടെ വളർച്ചയ്ക്കും ഒടുവിൽ രണ്ടാം ലോകമഹായുദ്ധത്തിനു തന്നെയും വഴിമരുന്നിട്ടത് എന്ന് ഈ അവസരത്തിൽ ഓർക്കേണ്ടതുണ്ട്.

യൂറോപ്യൻ യൂണിയന്റെ അടിത്തറയ്ക്ക് വിള്ളൽ വീഴുന്നത് വ്യത്യസ്തമായ ഒരു രാഷ്ട്രീയ പരീക്ഷണത്തിന്റെ പരിണാമം എന്ന നിലയിൽ വരും നാളുകളിൽ ആഗോള സാമ്പത്തിക രാഷ്ട്രീയ സന്തുലനത്തിലും കാര്യമായി പ്രതിഫലിക്കും. ഗ്രീസിനെ യൂണിയൻ കൈവിട്ടാൽ ആ ഒഴിവ് നികത്താനും നാറ്റോയുടെ ഉമ്മറത്തേക്ക് കസേര വലിച്ച് ഇട്ട് കയറി ഇരിക്കാനും തയ്യാറായി റഷ്യ ഉണ്ട്. ലോകക്രമത്തിൽ തങ്ങളുടെ സ്ഥാനം ഉയർത്താൻ അവസരം കാത്തിരിക്കുന്ന ചൈനയ്ക്ക് ഗ്രീസിന്റെ കടം വളരെ ചെറിയ തുകയാണു രക്ഷകന്റെ രൂപം സ്വീകരിക്കണമെങ്കിൽ. ദൂരവ്യാപകമായ ചലനങ്ങൾ ഉണ്ടാക്കാൻ കെല്പുള്ള ഒരു അവസ്ഥയാണു നിലവിൽ ഉള്ളത്. വ്യത്യസ്തമായ സാമ്പത്തിക സാമൂഹിക സാഹചര്യങ്ങളിൽ ഉള്ള രാജ്യങ്ങളെ കൃത്രിമമായി ഒന്നിപ്പിക്കുന്നതിന്റെ യൂറോപ്യൻ യൂണിയൻ വെല്ലുവിളികൾ ഭാരതത്തിന്റെ ഫെഡറൽ സംവിധാനത്തിനും സമാന്തരമായി ചിന്തിച്ചാൽ പാഠങ്ങൾ നൽകുന്നുണ്ട്.



Saturday, March 7, 2015

ഐ എസിന്റെ കെയറോഫിൽ ഒരു മിഡിലീസ്റ്റ് അവലോകനം

ഐസിസിനെ പറ്റി കൂടുതൽ വായിച്ച് നോക്കുമ്പോഴാണു കാര്യങ്ങൾ വ്യക്തമാകുന്നത്. ഇത് വരെ അൽ ക്വയ്ദ പോലെ എന്നാൽ അവരേക്കാൾ അല്പം വയലന്റ് ആയ ഒരു ഇസ്ലാമിസ്റ്റ് തീവ്രവാദി സംഘം എന്നേ കരുതിയിരുന്നുള്ളൂ. പക്ഷെ ലോകമെമ്പാട് നിന്നും ഇത്രയധികം ആളുകളെ ആകർഷിക്കാൻ അവർക്ക് അൽക്വയ്ദയേക്കാൾ എങ്ങനെ സാധിച്ചു എന്ന് അൻവേഷിച്ച് ചെന്നപ്പോഴാണു സംഭവങ്ങളുടെ കിടപ്പ് മനസ്സിലാവുന്നത്. ഐസിസ് പ്രധാനമായും പ്രവാചകന്റെ ജീവിതത്തിനേയും പ്രവർത്തികളേയും അണു വിട വിടാതെ അനുകരിച്ച് ഇസ്ലാമിക രാജ്യം സ്ഥാപിക്കാൻ ഇറങ്ങിപ്പുറപ്പെട്ടവരാണു. അതായത് 1924ല് തുർക്കിയിൽ ബ്രിട്ടീഷ് ആധിപത്യകാലത്ത് അവസാനിപ്പിച്ച ഖിലാഫത്ത് പ്രസ്ഥാനതെ പുനരുജ്ജീവിപ്പിക്കേണ്ടത് ഇസ്ലാം മതവിശ്വാസിയുടെ ഒരു പ്രാഥമിക കടമ ആണു എന്ന് അവർ വിശ്വസിക്കുന്നു. അത് കൊണ്ട് യു എസ് പിന്മാറ്റത്തിനു ശേഷം കിട്ടിയ ഗ്യാപ്പിൽ ഇറാഖിലെയും സിറിയയിലെ കലാപഭൂമിയും ചേർത്ത് വിശാലമായ ഒരു പ്രദേശം പിടിച്ച് അബൂബക്കർ അൽ ബാഗ്ദാദിയെ മൊസൂളിൽ വെച്ച പുതിയ ഖലീഫ ആയി അവർ പ്രഖ്യാപിച്ചു.

ഖലീഫ ആഹ്വാനം ചെയ്യുന്ന ജിഹാദിൽ പങ്കെടുക്കുക എന്നുള്ളത് എല്ലാ മുസ്ലിമുകളുടെയും കടമ ആണു. അത് കൊണ്ടാണു ബാഗ്ദാദി വിളിച്ചപ്പോൾ ലോകമെമ്പാടും നിന്ന് മറ്റാരും വിളിച്ചപ്പോൾ കാണാത്ത തോതിൽ ജിഹാദികൾ പ്രവഹിക്കുന്നത്. അണുവിട വിടാതെ ഖുറാനിൽ പറയുന്നതും പ്രവാചകന്റെ മാതൃകയും പിന്തുടരണം എന്ന് വാദിക്കുന്ന ഐ എസിനു മറ്റു സംഘടനകളുമായി പല കാര്യങ്ങളിലും അഭിപ്രായ വ്യത്യാസമുണ്ട്.

അൽ ക്വയ്ദ ഒരു അണ്ടർഗ്രൗണ്ട് സംഘമായി ഇടയ്ക്കും തലയ്ക്കുമുള്ള ചാവേർ ആക്രമണവും മറ്റുമായി രഹസ്യമായി പ്രവർത്തിക്കുമ്പോൾ ഐ എസിന്റെ പ്രവർത്തികൾ വളരെ പബ്ലിക്ക് ആണു. അവരുടെ വിശ്വാസപ്രകാരം ലോകാവസാനം ഏതാണ്ട് അടുത്തെത്തിയിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനെതിരെ ഖുറസാനിൽ (കിഴക്കൻ അഫ്ഗാനിസ്താൻ-പടിഞ്ഞാറൻ ഇറാൻ മേഖലയുടെ പഴയ പേരു) നിന്ന് വരുന്ന ഒരു പോരാളി നയിക്കുന്ന റോമാ സാമ്രാജ്യത്തിന്റെ പടയുമായി ഒരു വൻ യുദ്ധമുണ്ടാവുമെന്നും അതിൽ ഇസ്ലാമിക പോരാളികൾ ഒടുവിൽ പരാജയപ്പെടുമെന്നും അവർ കിത്താബിനെ അടിസ്ഥാനപ്പെടുത്തി വാദിക്കുന്നു. ഈ യുദ്ധത്തിൽ തോൽക്കും എങ്കിലും കുറച്ച് പേർ മാത്രം ആവുമ്പോൾ ഖുറാനിൽ പറഞ്ഞ ദൈവം അയക്കുന്ന ഒരാൾ വരികയും ലോകം അവസാനിക്കുകയും ചെയ്യുമത്രെ. ഈ യുദ്ധം നടക്കുന്ന സ്ഥലം വരെ അവർക്ക് ബോധ്യമുണ്ട്. അത് സിറിയയിലെ ദാബിക് ആണു എന്നാണു പ്രവചനം. അത് കൊണ്ടാണു വൻ നാശം സഹിച്ച് ഇസ്ലാമിക് സ്റ്റേറ്റ് ഈ നഗരം കഴിഞ്ഞ വർഷം പിടിച്ചെടുത്തത്. ഇപ്പോൾ പാശ്ചാത്യ സേനയുടെ വരവും കാത്ത് അവർ ദാബിക്കിൽ തമ്പടിച്ചിരിക്കുകയാണു.

അതായത് സ്വ്നതം നാശം മുങ്കൂട്ടി പ്രവചിക്കപ്പെട്ട ഒരു യുദ്ധത്തിനു വേണ്ടി ആണു അവർ കാത്തിരിക്കുന്നത്. മെക്കയും മദീനയും പോലുള്ള ചിഹ്നങ്ങൾ അനിസ്ലാമികമാണെന്നും അവ തക്ർക്കുമെന്നും പ്രഖ്യാപിച്ചിട്ടുള്ള ഇസ്ലാമിക് സ്റ്റേറ്റിന്റെ  തീവ്രമായ നിലപാടുകൾ അവരുടെ ഈ വിശ്വാസങ്ങളിൽ നിന്നാണു ഉടലെടുക്കുന്നത്. ഇറാനിയൻ മിലിറ്ററി ജെനറലിന്റെ (മേജർ ജെനറൽ കാസിം സുലൈമാനി) നേതൃത്വത്തിൽ പാശ്ചാത്യ രാജ്യങ്ങൾ ഫണ്ട് ചെയ്യുന്ന ഷിയാ മിലിഷ്യകളും ഇറാക്ക് ആർമിയും ഇസ്ലാമിക് സ്റ്റേറ്റിനെ തിക്രിത്തിൽ നിന്ന് തുരത്താൻ ഒരുമ്പെടുമ്പോൾ ഐ എസിന്റെ നീക്കങ്ങൾ ഒരു പരിധി വരെ പ്രവചിക്കാൻ അവരുടെ ഈ തീവ്ര വിശ്വാസങ്ങൾ നിരീക്ഷിച്ചാൽ സാധിച്ചേക്കാം. ഇറാനിയൽ ജെനറൽ ആണോ പ്രവചനത്തിലെ ഖുറസാനിൽ നിന്നുള്ള പോരാളി എന്ന് വേണമെങ്കിൽ കൗതുകവും കൊള്ളാം.

ഇറാക്കിൽ നിന്ന് അമേരിക്കൻ സേനയുടെ പിന്മാറ്റത്തോടെ ഇറാനാണു ആ ഒഴിവിലേക്ക് പതുക്കെ കയറി ഇരുന്നത്. ഇറാനിയൻ ഇന്റലിജൻസ് ഏജൻസികളുടെ പിൻബലത്തോടെ ഇറാക്കിന്റെ സുരക്ഷ മെല്ലെ ഷിയ മിലിഷ്യകളൂടെ കൈയ്യിലായതോടെ ഐ എസിനെതിരെ ഉള്ള പോരാട്ടം ഷിയ-സുന്നി വിഭാഗങ്ങൾ തമ്മിലുള്ളതായി മാറി. ബാഗ്ദാദിലങ്ങോളം ഇങ്ങോളം ഇറാനിയൻ മിലിറ്ററി ജനറലിന്റെ വലിയ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതും ഐ എസിനെതിരെ ഷിയ തീവ്രവാദി സംഘടനയായ ഹിസ്ബൊള്ള യുദ്ധത്തിനിറങ്ങിയതും യാദൃചികമല്ല. മിഡിൽ ഈസ്റ്റിൽ ഇറാന്റെ വർദ്ധിച്ച സ്വാധീനമാണു ഒബാമയെ കൊണ്ട് ഇറാനു മേലുള്ള കടുമ്പിടുത്തം ഒഴിവാക്കിയത്. ഇറാക്കിൽ എന്ത് നടക്കണമെങ്കിലുമിന്ന് ഇറാൻ വിചാരിക്കണം എന്നിരിക്കെ ഐ എസിനെതിരെ ഉള്ള യുദ്ധത്തിൽ ഇറാനും അമേരിക്കയും ഒരേ പക്ഷത്ത് ചേരാൻ നിർബന്ധിതരായിരിക്കുകയാണു. ഇതാണു ഇറാനുമായി അമേരിക്കൻ ആണവ ഡീൽ ഉണ്ടായേക്കും എന്ന സ്ഥിതി വരെ എത്തി നിൽക്കുന്നത്.

മിഡിൽ ഈസ്റ്റിന്റെ ഭാവി നിർണ്ണയിക്കുന്നതിൽ ഈ വരുന്ന മാസങ്ങൾ നിറ്ണ്ണായകമായേക്കും. ഐ എസിനെ തുടച്ച് മാറ്റാൻ കഴിഞ്ഞാൽ തന്നെ ഇറാനുമായി യു എഅ അടുക്കുന്നത് ഇപ്പോൾ തന്നെ ഇസ്രയേലിനെ ചൊടിപ്പിച്ചിട്ടുണ്ട്. നെതന്യാഹു ദിവ്സം പ്രതി വാക്ധോരണിക്ക് ശക്തികൂട്ടിക്കൊണ്ടിരിക്കുന്നു. ഇസ്ലാമിക് സ്റ്റേറ്റിനുമേൽ ഇറാൻ വിജയിക്കുന്നത് മേഖലയിൽ ഷിയാ മേധാവിത്വം കൊണ്ട് വരും എന്നതിനാൽ സൗദി അടക്കമുള്ള സുന്നി അറബ് രാജ്യങ്ങൾ രഹസ്യമായി ഐ എസിനെ സഹായിക്കുമോ എന്നും കാത്തിരുന്നു കാണണം. പല വിധ സാധ്യതകൾ ആണു വരും മാസങ്ങളിൽ ഉള്ളത്.

Monday, September 1, 2014

പാകിസ്താനിലെ പാവക്കൂത്ത്

പാകിസ്താനിൽ ഇപ്പോൾ സംഭവിച്ച് കൊണ്ടിരിക്കുന്നത് പട്ടാളം തുടക്കം മുതലേ നിയന്ത്രിച്ച ഒരു 'സോഫ്റ്റ് പട്ടാള അട്ടിമറി' ആണു. നവാസ് ഷരീഫ് സർക്കാരിൽ നിന്ന് വിദേശ കാര്യവും ആഭ്യന്തര സെക്യുരിറ്റിയും അടക്കമുള്ള വിഭാഗങ്ങളുടെ നിയന്ത്രണം കൈക്കലാക്കാൻ പാക് ആർമി കൊണ്ട് വന്ന പ്രോക്സികൾ ആണു ഇമ്മ്രാൻ ഖാനും ക്വാദിരിയും. താലിബാൻ തീവ്രവാദികൾക്കെതിരെ അമേരിക്കൻ സമ്മർദ്ദം കാരണം നടപടി എടുക്കാൻ നിർബന്ധിതമായത് പാക് ആർമ്മിയെ വലയ്ക്കുന്നുണ്ട്. അതേ സമയം ഇന്ത്യയുമായി ബന്ധം മെച്ചപ്പെടുത്താൻ ആർമ്മിയുടെ സമ്മർദ്ദം മറികടന്നും നവാസ് ഷരീഫ് മോദിയുടെ സത്യപ്രതിജ്ഞയ്ക്ക് എത്തിയത് അവരെ ചൊടിപ്പിച്ച നടപടിയാണു. അതിർത്തിയിൽ വെടി നിർത്താൽ ലംഘിച്ച് അവർ ആ ശ്രമങ്ങൾക്ക് തുരങ്കം വെച്ചു.

താലിബാൻ വിരുദ്ധ നടപടിയിൽ നിന്ന് തലയൂരാനും അത്തരം നടപടികൾ എടുക്കാനുള്ള പവർ തങ്ങളുടെ കൈയ്യിലാക്കുകയുമാണു മറ്റൊരു ലക്ഷ്യം. നേരിട്ടൊരു പട്ടാള അട്ടിമറി നടത്തിയാൽ അത് പേരിനു മാത്രം ഉള്ള ജനാധിപത്യത്തെ ഇല്ലാതാക്കി എന്ന് പറഞ്ഞ് പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള പണത്തിന്റെ വരവ് നിലയ്ക്കാൻ കാരണമാകും. അത് അഫോർഡ് ചെയ്യാൻ പാക് ആർമ്മിക്ക് കഴിയില്ല എന്നുള്ളത് കൊണ്ടും ഏറ്റെടുത്താൽ നേരെയാക്കാവുന്ന വിധത്തിൽ അല്ല ആ രാജ്യം എന്നുള്ളത് കൊണ്ട് പരാജയം ഉറപ്പുള്ള ഒരു പണി ഒഴിവാക്കാനുമാണു അവർ നേരിട്ട് ഇറങ്ങാത്തത്.

നവാസ് ഷരീഫ് സർക്കാരിനെ പ്രക്ഷോഭക്കാർ കടന്ന് കയറി വലിച്ച് താഴെ ഇടുന്നതിൽ നിന്നും സംരക്ഷിക്കുന്നത് ആർമ്മി ആണു. കസേര സംരക്ഷിക്കുന്നതിനുള്ള വില ആയി ഭരണത്തിന്റെ കടിഞ്ഞാൺ ആണു അവർ പകരം ചോദിക്കുന്നത്. ഒന്നുകിൽ ആർമ്മിയുടെ കൈയ്യിലെ റബ്ബർ സ്റ്റാമ്പായി ഭരണം തുടരാം ഇല്ലെങ്കിൽ പ്രക്ഷോഭക്കാരെ കൊണ്ട് വലിച്ച് താഴെ ഇട്ട് മറ്റൊരു ആർമ്മി റബ്ബർ സ്റ്റാമ്പായ ഇമ്രാൻ ഖാനെ പ്രധാനമന്ത്രി ആക്കും എന്നാണു അവരുടെ നിലപാട്.

ഇതിൽ ഏത് വഴിക്ക് കാര്യങ്ങൾ നീങ്ങും എന്ന് കാത്തിരുന്ന് കാണേണ്ടി വരും. മറ്റൊരു ശ്രദ്ധേയമായ കാര്യം പാകിസ്താനിൽ ആൾ കൂടുന്ന ഏത് പരിപാടിയിലും കടന്ന് കയറി ആക്രമിക്കാറുള്ള പാക് താലിബാൻ ഇത് വരെയും ഈ പ്രക്ഷോഭങ്ങള് മുതലെടുത്ത് ആക്രമണം അഴിച്ച് വിടാൻ ശ്രമിച്ചിട്ടില്ല എന്നുള്ളതാണു. പാക് ആർമ്മിയുടെ ഹൈ സെക്യൂരിറ്റി ബേസുകളിൽ വരെ കടന്ന് കയറി ആക്രമിക്കാൻ മടിക്കാത്ത താലിബാൻ സുരക്ഷ കാരണമാണു ഇതിൽ നിന്ന് വിട്ട് നിൽക്കുന്നത് എന്ന് കരുതുക വയ്യ. ഐ എസ് ഐ നിയന്ത്രിക്കുന്ന ഈ പരിപാടിയെ ആക്രമിക്കാതിരിക്കാനുള്ള നിർദേശം പാലിക്കുന്ന മറ്റൊരു ഐ എസ് ഐ ടൂൾ ആണു പാക് താലിബാൻ എന്നുള്ളതാണു ഇതിനു കാരണമായി ചിലർ ചൂണ്ടിക്കാണിക്കുന്നത്.

Wednesday, July 2, 2014

പൊട്ടിമുളച്ച ഐ എസ് ഐ എസ്

ഐ എസ് ഐ എസ് എന്ന പുതിയ തീവ്രവാദി സംഘടന ഇറാക്കിൽ ഖിലാഫത്ത് പ്രഖ്യാപിച്ചതിനും അവരുടെ ഭാവി പരിപാടികൾക്കും ഫോട്ടോഷോപ്പ് ചെയ്ത മാപ്പുകൾക്കും വമ്പിച്ച മാധ്യമ ശ്രദ്ധ കിട്ടുകയാണു. അൽ ഖയ്ദയ്ക്ക് മുകളിൽ അവരേക്കാൾ ശക്തരായ ഒരു സംഘടന എന്ന നിലയിൽ ആണു ഇവർക്ക് ലഭിക്കുന്ന കവറേജ്. അമെരിക്കൻ പിന്മാറ്റത്തിന്റെ പശ്ചാത്തലത്തിൽ അമേരിക്കൻ സേന പിന്മാറിയ ഇടങ്ങളിൽ ഇരച്ച് കയറിയാണു ഇവർ ഇറാക്കിന്റെ മൂന്നിലൊന്ന് ഭാഗം കൈയ്യടക്കിയത്. പെട്ടെന്ന് ഒരു ദിവസം സ്റ്റാർട്ട് ചെയ്ത് ചെയ്യാവുന്ന ഒരു സംഭവം അല്ല ഇത്. വ്യക്തമായ പ്ലാനിങ്ങും ട്രെയിനിങ്ങും ലോജിസ്റ്റിക്സും ആവശ്യമായ ഈ നീക്കം വെസ്റ്റേൺ/മിഡിൽ ഈസ്റ്റ് ഇന്റലിജൻസ് ഏജൻസികളുടെ കണ്ണിൽ പെട്ടില്ല എന്ന് വിശ്വസിക്കാൻ പ്രയാസമാണു.

ജനസംഖ്യയുടെ ഭൂരിഭാഗം സുന്നികൾ ഉള്ള ഇറാക്കിൽ നൂറി അൽ മാലിക്കിയുടെ ഷിയാക്കൾക്ക് മുന്തൂക്കമുള്ള ഭരണം കടുത്ത അസംതൃപ്തി വളർത്തിയ സാഹചര്യത്തിൽ സുന്നികൾക്ക് സാനിധ്യമുള്ള പ്രദേശങ്ങളിൽ ലോക്കൽസിന്റെ സപ്പോർട്ടോടു കൂടിയാണു ഇവർ ഭരണം പിടിച്ചെടുക്കുന്നത്. ഷിയാ ഭൂരിപക്ഷ പ്രദേശങ്ങളിലേക്ക് ഇവർക്ക് അടുക്കാൻ കഴിയുന്നില്ല എന്നുള്ളതും ശ്രദ്ധേയമാണു. അത് കൊണ്ട് തന്നെ ഇറാക്ക്-സിറിയ പ്രദേശത്തെ സുന്നി അനുകൂല പ്രദേശങ്ങൾ കീഴടക്കി കഴിഞ്ഞാൽ ഇവരുടെ മുന്നേറ്റം പിന്നീട് എത് വഴിക്കാകും എന്ന് പ്രവചിക്കാൻ ഇത് ഉപയോഗിക്കാം.

ജോർദാൻ, സൗദി എന്നീ രാജ്യങ്ങൾ ആണു ഇമ്മീഡിയറ്റ് ആയി റഡാറിൽ വരിക പക്ഷെ ഇറാക്കിനെ പോലെ മുതലെടുക്കാൻ പാകത്തിൽ കലുഷിതമായ രാഷ്ട്രീയ-സുരക്ഷാ സാഹചര്യങ്ങൾ അവിടെ ഇല്ലാത്തതിനാൽ ഉള്ളിൽ നിന്നുള്ള അനുഭാവികൾ വഴി ഒരു അട്ടിമറി ആണു സാധ്യത. ഹജ്ജിനേയും കഅബയിലെ കല്ലിനെ ആരാധിക്കുന്നതിനെ പറ്റിയും വിമർശനമുയർത്തിയ തീവ്രവാദികൾ സൗദിയിൽ ലക്ഷ്യം വെയ്ക്കുന്നതും ഇതായിരിക്കാം. ലെബനണിലെ സുന്നി മജോറിറ്റി ഏരിയ ഇപ്പോൾ ഇവർ കൈയ്യടക്കിയ പ്രദേശങ്ങളിൽ നിന്ന് എളുപ്പത്തിൽ എത്തിച്ചേരാൻ കഴിയാത്ത വിധം ഒറ്റപ്പെട്ടിരിക്കുന്നു. ട്രിപ്പോളിയുടെ ചുറ്റുവട്ടത്തുള്ള വടക്കൻ ലെബനൺ ആണു ഇവര്ക്ക് ഏറ്റവും അനുകൂലമായ സ്ഥലം പക്ഷെ അവിടെ എത്തിച്ചേരാൻ നിയന്ത്രണം പൂർണമായും നഷ്ടപ്പെട്ട ഹോംസിലൂടെ വേണം പോകാൻ. അതിനാൽ ഉടനെ ഒന്നും ലബനണിലെക്ക് നിങ്ങും എന്ന് കരുതാൻ വയ്യ.

മാധ്യമങ്ങൾ പ്രചരിപ്പിക്കുന്നത് പോലെ അതിശ്കതരായ മിലിറ്ററി പവർ ഒന്നും അല്ല ഇവർ. ട്രക്കുകളിലും മറ്റും യന്ത്രത്തോക്കുകൾ ഘടിപ്പിച്ച് താലിബാൻ സ്റ്റൈലിൽ മൊബൈൽ ആയി റോന്ത് ചുറ്റുന്ന യൂണിറ്റുകൾ ആണു ഇവരുടെ പ്രധാന തന്ത്രം. വിസ്തൃതമായ പ്രദേശങ്ങൾ അധികം ആൾബലം ഇല്ലാതെ കൈയ്യടക്കാൻ ഒഴുകി നീങ്ങുന്ന ഈ ചെറു സംഘങ്ങൾ സഹായിക്കുന്നു. അല്പമെങ്കിലും പ്രവർത്തനക്ഷമമായ ഒരു വ്യോമസേന ഉണ്ടെങ്കിൽ ഇറാക്ക് സർക്കാറിനു മണിക്കൂറുകൾക്കകം അവസാനിപ്പിക്കാൻ കഴിയുന്ന ഭീഷണി ആണു ഇവ. അകാശത്തിൽ നിന്നുള്ള ആക്രമണം ശക്തമാണെങ്കിൽ ഒളിച്ചും പാത്തും മാത്രം പുറത്തിറങ്ങാൻ കഴിയുന്ന അഫ്ഗാൻ രീതിയിലേക്ക് ഐ എസ് ഐ എസിന്റെ പ്രവർത്തനങ്ങൾ ചുരുങ്ങും. അവർ കൈയ്യടക്കിയ പ്രദേശങ്ങൾ തിരിച്ച് പിടിക്കാൻ കര വഴിയുള്ള സൈനിക നീക്കം വേണ്ടി വരുമെങ്കിലും വ്യോമാക്രമണം അവരുടെ മുന്നേറ്റങ്ങൾക്ക് തീർച്ചയായും കടിഞ്ഞാണിടും.

പ്രബലമായ ഒരു സ്റ്റേറ്റിന്റെ പിന്തുണ ഇല്ലാതെയാണു ഇവർ ഇത്രയും വളർന്നത് എന്ന് വിശ്വസിക്കാൻ പ്രയാസമാണു. സിറിയയിലെ കലക്ക വെള്ളത്തിൽ മീൻ പിടിക്കാൻ അസദിനെതിരെയുള്ള വിമത സേനയ്ക്ക് സുന്നി രാഷ്ട്രങ്ങളും അമേരിക്കൻ ഇന്റലിജൻസും നൽകിയ ആയുധങ്ങളിൽ ഒരു പങ്ക് ഇവരുടെ കൈയ്യിൽ എത്തി എന്നത് തർക്കമില്ലാത്ത കാര്യമാണു. എന്നാൽ ഈ വക കേസുകളിൽ പൊതുവെ കാണാറുള്ള പോലെ ഒരു വിഭാഗം അബൂബക്കർ ബാഗ്ദാദിയുടെ പേരിൽ സ്വന്തം അജണ്ട നടപ്പാക്കി എന്ന രീതിയിൽ ആണു ഇപ്പോൾ കാര്യങ്ങൾ ചർച്ച ചെയ്യപ്പെടുന്നത്. അല്പം കാര്യങ്ങൾ കൈവിട്ട് പോയിട്ടുണ്ട് എങ്കിലും ഈ പ്രശ്നത്തിൽ ഉൾപ്പെട്ട അമേരിക്കയും ഇറാനും അടക്കമെല്ലാവർക്കും അനുകൂലമായ ഒരു രീതിയിൽ കാര്യങ്ങൾ തിരിയാം എന്ന പ്രതീക്ഷയിൽ ആണു ഇത് വരെ ആരും സൈനികമായി ഇടപെടാത്തത്. സൗദിയോടുള്ള വെല്ലുവിളി തങ്ങൾക്ക് അനുകൂലമായി ഇറാൻ കാണുമ്പോൾ അസ്ദിനെതിരെയുള്ള ഐ എസ് ഐ എസ് നീക്കം തങ്ങൾക്കനുകൂലമായി അമേരിക്കയും സൗദിയും കാണുന്നു.

ഇതിൽ ആരൊക്കെ എന്താണു എന്നറിയണമെങ്കിൽ ഐ എസ് ഐ എസിനെതിരെ ഉള്ള സൈനിക നടപടി ഏത് കോണിൽ നിന്ന് ആദ്യം വരുന്നു എന്ന് നോക്കേണ്ടിയിരിക്കുന്നു. ഇറാൻ സുഖോയ് വിമാനങ്ങളും പണ്ട് സദ്ദം ഇറാനിൽ ഒളിപ്പിച്ചതും കൂറുമാറി വന്നതുമായ ഇറാക്കി വിമാനങ്ങൾ തിരിച്ച് നൽകാൻ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട് എങ്കിലും ഇതിൽ പ്രശ്നം അടിയന്തിരമായി നേരിടാൻ ഒരു അർജൻസി കാണുന്നില്ല. അമേരിക്കയും പ്രസ്താവനകൾ ഇറക്കുന്നുണ്ടെങ്കിലും അറെബ്യൻ ഗൾഫിലെ ഒരു എയർക്രാഫ്റ്റ് കാരിയറിൽ നിന്നുള്ള വ്യൂമസേനയെ വിന്യസിച്ചാൽ ഒതുക്കാവുന്ന പ്രശ്നത്തിൽ പോലും ഇടപെടുന്നില്ല. എല്ലാവരും കാത്തിരുന്ന് കാണാൻ ഉള്ള തീരുമാനത്തിൽ ആണു. അടുത്ത നീക്കം ഉണ്ടാവുന്നത് വരെ സൈഡിൽ ഇരുന്ന് കാണുന്നവർക്കും കാത്തിരിക്കുക മാത്രമേ വഴിയുള്ളൂ.

Tuesday, December 31, 2013

ഡേർട്ടി ബോംബും ഇന്ത്യൻ ന്യൂക്ലിയർ ഡോക്ട്രിനും ചില ആശങ്കകളും

ഇന്ത്യൻ മുജാഹിദ്ദീൻ സൂറത്തിൽ പാകിസ്താനിൽ നിന്ന് കടത്തിക്കൊണ്ട് വന്ന ന്യൂക്ലിയർ ബോംബ് പൊട്ടിക്കാൻ പദ്ധതി ഇട്ടിരുന്നു എന്നാണു ലേറ്റസ്റ്റ് ന്യൂസ്. അല്പം അതിശയോക്തി കലർന്നതെന്ന് കരുതാവുന്ന ഈ വാർത്ത കുറച്ച് കാലമായി നിലനിൽക്കുന്ന തീവ്രവാദികൾ നടത്തുന്ന ന്യൂക്ലിയർ ആക്രമണം എന്ന ത്രെറ്റിനെ പറ്റി കൂടുതൽ ചിന്തിക്കാൻ അവസരമൊരുക്കുന്നു. അമേരിക്ക അടക്കമുള്ള പാശ്ചാത്യരാജ്യങ്ങൾ വളരെ സീരിയസ് ആയി എടുക്കുന്ന ഒരു ഭീഷണി ആണു ഇത്. സോവിയറ്റ് യൂണിയൻ തകർന്നപ്പോൾ കുന്നു കൂട്ടിയിരുന്ന സോവിയറ്റ് ന്യൂക്ലിയർ ആയുധങ്ങളിൽ ഒരു ചെറിയ ശതമാനം വിഘടിച്ച് പോയ മുൻ സോവിയറ്റ് സ്റ്റേറ്റുകളുടെ കൈയ്യിൽ പെട്ടു. പൂർണ നിയന്ത്രണമുള്ള ഒരു സർക്കാരിന്റേയും പട്ടാളത്തിന്റെയും അഭാവത്തിൽ ആദ്യകാലത്തെ സാമൂഹികമായ കൺഫ്യൂഷനിടയിൽ ഇവയിൽ ചിലത് അവിടങ്ങളിലെ മാഫിയ-തീവ്രവാദ സംഘങ്ങളുടെ കൈയ്യിൽ വരുകയും അവ പണം നൽകാൻ തയ്യാറുള്ള ആർക്കും വാങ്ങാവുന്ന രീതിയിൽ അന്താരാഷ്ട്ര ബ്ലാക്ക് മാർക്കറ്റിൽ എത്തുകയും ചെയ്തു എന്നാണു ഒരു തിയറി. നെസ്റ്റ് (Nuclear Emergency Support Team) പോലുള്ള ന്യൂക്ലിയർ എമർജൻസി ടീമുകൾ നിർമ്മിക്കപ്പെട്ടതും ഈ ത്രെറ്റിന്റെ അടിസ്ഥാനത്തിൽ ആണു.

ഇതാണു തീവ്രവാദികളുടെ കൈയ്യിൽ ന്യൂക്ലിയർ ആയുധങ്ങൾ എന്ന ചിന്തയുടെ തുടക്കം എങ്കിലും പിന്നീട് പഴയ സോവിയറ്റ് രാജ്യങ്ങളിൽ നിന്ന് മാറി ഈ ഭീഷണിയുടെ സ്രോതസ്സ് പാകിസ്താൻ, നോർത്ത് കൊറിയ തുടങ്ങിയ irresponsible nuclear states എന്ന് കരുതപ്പെടുന്നവരിലെക്ക് മാറി ഈ അടുത്ത കാലത്ത്. പ്രത്യേകിച്ച് പാകിസ്താനിൽ. പട്ടാളവും സിവിലിയൻ സർക്കാരും തമ്മിൽ നിലനിൽക്കുന്ന കമ്മ്യൂണിക്കേഷൻ ഗ്യാപ്പും അൽക്വയ്ദ-താലിബാൻ ആശയാനുകൂലികൾ ആയ പട്ടാളത്തിലെ ഉന്നതരും പാശ്ചാത്യർക്കെതിരായ തീവ്രവാദി ആക്രമണങ്ങൾക്ക് സെക്യൂരിറ്റി എസ്റ്റാബ്ലിഷ്മെന്റിന്റെ ഉള്ളിൽ നിന്ന് തന്നെ സഹായങ്ങൾ നൽകപ്പെടുന്ന സാഹചര്യവും നിലനിൽക്കുന്ന അവസരത്തിൽ ന്യൂക്ലിയർ ആയുധങ്ങളുടെ സുരക്ഷയും അവ തീവ്രവാദികളുടെ കൈയ്യിൽ വരാനുള്ള സാഹചര്യവും വിശദമായി ചർച്ച ചെയ്യപ്പെട്ട ഒന്നാണു. ഒരു അവസരത്തിൽ അമേരിക്ക പാകിസ്താൻ ആണവായുധങ്ങളുടെ സുരക്ഷ നേരിട്ട് സ്വന്തം കൈയ്യാൽ ഉറപ്പാക്കാൻ തുനിഞ്ഞതായും വാർത്തകൾ ഉണ്ടായിരുന്നു. പാകിസ്താൻ ശക്തമായി ഇതിനെതിരെ രംഗത്ത് വരികയും 6 മാസത്തിൽ ഒരിക്കൽ എന്ന പോലെ ഇടയ്ക്കിടെ ആണവായുദ്ധങ്ങളുടെ സുരക്ഷയെ പറ്റി സ്റ്റേറ്റ്മെന്റ്സ് ഇറക്കാറും ഉണ്ട്.

എല്ലാ ന്യൂക്ലിയർ ഡിവൈസുകൾക്കും അതിലെ റേഡിയോആക്ടീവ് വസ്തു ശുദ്ധീകരിച്ച പ്ലാന്റിന്റെ ഒരു സിഗ്നേച്ചർ ഉണ്ടായിരിക്കും. ഈ സിഗ്നേച്ചർ ശേഖരിച്ച് വെച്ചിട്ടുള്ളവർക്ക് സ്ഫോടനം നടന്നാൽ അത് ഏത് രാജ്യത്തെ ഡിവൈസ് ആണു എന്ന തിരിച്ചറിയാനും തിരിച്ചടിക്കാനും കഴിയും പൊതുവെ. പക്ഷെ ഇപ്പോൾ സാധാരണ അണുപരീക്ഷണങ്ങൾ എല്ലാം ഭൂമിക്കടിയിലും മറ്റുമായി രഹസ്യമായി ചെയ്യുന്നത് കൊണ്ട് പരീക്ഷണത്തിനൊടുവിൽ അന്തരീക്ഷത്തിൽ കലരുന്ന വേസ്റ്റിന്റെ അളവ്  വളരെ കുറവും അത് കൊണ്ട് തന്നെ അവയുടെ സാമ്പിൾ ശേഖരിച്ച് സിഗ്നേച്ചർ  മനസ്സിലാക്കൽ അത്ര എളുപ്പവുമല്ല. മാത്രവുമല്ല പൂര്ണമായും ഒരു ന്യുക്ലിയർ ബോംബ് അല്ലാതെ റേഡിയോആക്ടീവ് വസ്തുക്കൾ സാധാരണ ബോംബിൽ മിക്സ് ചെയ്ത് ഡേർട്ടി ബോംബ് എന്നറിയപ്പെടുന്ന പ്രഹരശേഷി അല്പം കുറഞ്ഞാലും ഭീകരമായ പ്രത്യാഘാതങ്ങൾ ഉണ്ടാക്കുന്ന ബോംബുകൾ തീവ്രവാദികളുടെ കൈപ്പിടിയിൽ ഒതുങ്ങുന്ന ഒരു ആയുധമാണ്. ഇവയെ തടുക്കൽ എളുപ്പമല്ല.

ഇവിടെ പാകിസ്താന്റെ ആയുധങ്ങൾ സുരക്ഷിതമാണോ അല്ലയോ എന്ന കാര്യമല്ല ചർച്ച ചെയ്യുന്നത്. ഇന്ത്യയെ സംബന്ധിച്ചിടത്തോളം പ്രധാനമായും പാകിസ്താനിൽ നിന്നാണു ഭീഷണി. തീവ്രവാദികളും പാകിസ്താൻ പട്ടാളവും ഇന്ത്യയുടെ കാര്യത്തിൽ അമേരിക്കക്കെതിരെ എന്നതിനേക്കാൾ ഒത്തൊരുമയോടെ ആണു പ്രവർത്തിക്കാറു അതിനാൽ തീവ്രവാദികളുടെ കൈയ്യിൽ ഇന്ത്യയിൽ ഉപയോഗിക്കാൻ ആയുധങ്ങൾ ലീക്ക് ചെയ്ത് കിട്ടാനുള്ള റിസ്ക് അമേരിക്കയ്ക്ക് ഉള്ളതിനെക്കാൾ പതിന്മടങ്ങ് കൂടുതൽ ആണു. ആണവായുധങ്ങൾ കടത്തിക്കൊണ്ട് വരുന്നതും വന്നാൽ തന്നെ ഇന്ത്യയിൽ വെച്ച് സ്ഫോടനം നടക്കും മുന്നെ കണ്ട് പിടിക്കാനുമുള്ള കഴിവ് ഇന്ത്യയ്ക്ക് ഇല്ല എന്ന് സമ്മതിക്കേണ്ടി വരും. അങ്ങനെ വരുമ്പോൾ പരോക്ഷമായി ഈ ഒരു ആക്രമണം നടത്തുന്നതിൽ നിന്ന് അക്രമികളെ പിന്തിരിപ്പിയ്ക്കാനുള്ള കഴിവ് ഇന്ത്യയുടെ ന്യൂക്ലിയർ ഡിറ്ററൻസ് പോളിസിക്കും പ്രഖ്യാപിത നിലപാടുകൾക്കും ഉണ്ടാവണം. അതാണു ഇവിടെ പരിശോധിക്കാൻ ശ്രമിക്കുന്നത്.

ഇന്ത്യ ആണവായുധം പരീക്ഷിച്ച് ഉടനെ തന്നെ തുടര് പരീക്ഷണങ്ങൾക്ക്  മേൽ  സ്വയം മോരട്ടോരിയം പ്രഖ്യാപിക്കുകയും ഒരു ന്യൂക്ലിയർ പോളിസി പുറത്തിറക്കുകയും ചെയ്തു. ഇന്ത്യ ആണവായുധം ഉപയോഗിക്കാൻ ഉദ്ദേശിക്കുന്ന രീതിയെ പറ്റി മറ്റുള്ളവരെ അറിയിക്കാനാണ് പ്രധാനമായും പോളിസി പ്രഖ്യാപനം കൊണ്ട് ഉദ്ദേശിക്കുന്നത്. ഇത് വഴി ആശങ്കകൾ അകറ്റാനും ആശയക്കുഴപ്പം മൂലമുള്ള  അപകടങ്ങളും യുദ്ധങ്ങളും ഒഴിവാക്കാനും ആണു ശ്രമം. ഇന്ത്യയുടെ പോളിസി പ്രധാനമായും രണ്ട് നിലപാടുകളെ ചുറ്റിപ്പറ്റി ആണു ഇറക്കിയത്.  ആദ്യം ഇന്ത്യ ആരുടെ മേലും ആണവായുധം പ്രയോഗിക്കില്ല (No First use) എന്നതും ആണവായുധം ഇല്ലാത്ത രാജ്യങ്ങൾക്ക് മേൽ   ഇന്ത്യ ആണവായുധം പ്രയോഗിക്കില്ല എന്നതും.ഇന്ത്യക്കെതിരെ ഉള്ള ആണവായുദ്ധ പ്രയോഗത്തെ നിരുൽസാഹപ്പെടുത്തുന്ന തരത്തിൽ minimum deterrence ആയി ആണു ഇത് രൂപവൽക്കരിച്ചത്. ഈ പോളിസി ഇന്ത്യ ഒരു ഡോക്യുമെന്റിലാക്കുകയോ ഫോര്മാലായി പ്രഖ്യാപിക്കുകയോ ചെയ്തിട്ടില്ല സമയാസമയങ്ങളിൽ പല പ്രഖ്യാപനങ്ങളിൽ നിന്ന് മനസ്സിലാകിയെടുക്കാവുന്ന രീതിയിലാണു.

 എന്നാൽ ഈ നിലപാടിനു വേണ്ടത്ര ക്ലാരിറ്റി ഇല്ലാത്തത് കൊണ്ടോ ഇന്ത്യയുടെ പ്രതികരണം മനസ്സിലാക്കുന്നതിൽ പരാജയപ്പെട്ടത് കൊണ്ടോ ആണു പാകിസ്താൻ 1999 ൽ കാർഗിലിൽ അതിക്രമിച്ച് കയറിയത്. ന്യൂക്ലിയർ യുദ്ധമായി മാറിയേക്കാവുന്ന സാഹചര്യത്തിൽ ഒരു  ഇന്ത്യൻ സൈനിക പ്രതികരണം ഉണ്ടാവില്ല എന്നാ കണക്ക് കൂട്ടൽ ആണു പാകിസ്താൻ പട്ടാളം നടത്തിയത്. നിയന്ത്രണരേഖ ലംഘിക്കാതെ തന്നെ ഇന്ത്യ അതിക്രമിച്ച് കയറിയവരെ  തുരത്തി എങ്കിലും ഇന്ത്യൻ പ്രതികരണം ന്യൂക്ലിയർ യുദ്ധത്തിന്റെ നിഴലിൽ വളരെ ഒതുങ്ങിയതും ശ്രദ്ധയോട് കൂടിയതുമായിരുന്നു. തുടർന്ന് ഇന്ത്യയുടെ പ്രതികരണം അളന്ന പാകിസ്താൻ സ്റ്റേറ്റ് പ്രത്യക്ഷമായി തന്നെ പങ്ക് കൊണ്ട 2001 പാര്ലമെന്റ് ആക്രമണം മുതൽ 2008 മുംബൈ ആക്രമണം അടക്കം എല്ലാം ഈ ന്യൂക്ലിയർ അംബ്രല്ലയ്ക്കുള്ളിൽ പാകിസ്ഥാനെതിരെ പ്രതികരണം ഉണ്ടാവില്ല എന്ന ഉറപ്പ് വരുത്തിയവ ആയിരുന്നു.

2001 ൽ പാര്ലമെന്റ് ആക്രമണത്തിനു ശേഷം ഓപ്പറേഷൻ പരാക്രം എന്ന സൈനിക സന്നാഹം ഒരുക്കിയ നടപടി പാകിസ്ഥാന്റെ ന്യൂക്ലിയർ ത്രെറ്റിനു മുന്നിൽ  പരാജയം ആയ ശേഷം ഫ്ര്സ്ട്രേറ്റഡ് ആയ  ഇന്ത്യ 2003ൽ ന്യൂക്ലിയർ പോളിസിയിൽ ചെറിയ ചില മാറ്റങ്ങൾ വരുത്തി. തിരുത്തിയ പോളിസി പ്രകാരം ഇന്ത്യക്കെതിരെ ഉള്ള 'മേജർ' ആക്രമണങ്ങൾക്ക് എതിരായി  ഇന്ത്യ massive ആയി ന്യൂക്ലിയർ ആയുധങ്ങൾ പ്രയോഗിക്കും. കൂടാതെ ലോകത്തെവിടെയും ഉള്ള ഇന്ത്യൻ സേനയ്ക്കെതിരെ കെമിക്കൽ & ബയോളജിക്കൽ ആയുധങ്ങൾ ഉപയോഗിച്ചാൽ ഇന്ത്യ ആണവായുധം പ്രയോഗിക്കും. ഇതോട് കൂടി ഇന്ത്യൻ പോളിസി minimum deterrenceൽ നിന്ന് assured retaliation എന്നതിലേക്ക് മാറി. ഈ ചെറിയ മാറ്റങ്ങളിലൂടെ ഇന്ത്യ ഇതിനു മുന്നേ പ്രഖ്യാപിച്ച പോളിസിയുടെ കാതൽ  തന്നെ മാറുകയാണ് ചെയ്തത്. ഇത് പൂർണമായും ചിന്തിച്ച് വ്യക്തതയോടെ വരുത്തിയ മാറ്റങ്ങളാണോ എന്ന ഉറപ്പില്ല.

ആദ്യം പ്രയോഗിക്കില്ല എന്ന പ്രഖ്യാപനത്തിന് ചേര്ന്നതല്ല മേജര് അറ്റാക്കിനെതിരെ ആണവായുധം ഉപയോഗിക്കും എന്ന പുതിയ പ്രഖ്യാപനം. കെമിക്കൽ അല്ലെങ്കിൽ ബയോളജിക്കൽ ആക്രമണം ഒരു ആണവായുധമില്ലാത്ത രാജ്യം നടത്തിയാലും ഇന്ത്യ തിരിച്ചടിക്കും എന്ന സൂചനയാണു രണ്ടാമത്തെ പോയിന്റിൽ ഉള്ളത്.  ഇന്ത്യ വ്യക്തമായ ഒരു പോളിസി ഡോക്യുമെന്റ് പുറത്തിറക്കാത്ത സാഹചര്യത്തിൽ ഇവയെല്ലാം അവ്യക്തമായ സൂചനകളാണു നല്കുന്നത്. പാകിസ്ഥാനിൽ നിന്നുള്ള ഒരു ന്യൂക്ലിയർ ഡിവൈസ് ഉപയോഗിച്ച്  ഇന്ത്യയിൽ തീവ്രവാദികൾ സ്ഫോടനം നടത്തിയാൽ എന്തായിരിക്കും ഇന്ത്യൻ പ്രതികരണം എന്ന് ഈ സാഹചര്യത്തിൽ  ചിന്തിക്കണം.

മേജര് അറ്റാക്ക് എന്ന ഗണത്തിൽ പെടുന്നത് കൊണ്ട് ഇന്ത്യ പാകിസ്ഥാനെതിരെ ന്യൂക്ലിയർ ആക്രമണം നടത്തുമോ? 2008 ലെ മുംബൈ ആക്രമണം ഈ കാറ്റഗറി ആയിരുന്നോ? നടത്തില്ല എങ്കിൽ എന്താണു ന്യൂക്ലിയർ ഡോക്ട്രിൻ കൊണ്ട് ഉദ്ദേശിക്കുന്നത്? ക്രെഡിബിൾ ആയ കാര്യങ്ങൾ അല്ല ന്യൂക്ലിയർ പോളിസിയിൽ എങ്കിൽ ആരും അത് സീരിയസ് ആയി എടുക്കും എന്ന കരുതുക വയ്യ. ഇത് നടപ്പിലാക്കാനുള്ള പൊളിറ്റിക്കൽ വിൽ ഒരു ചോദ്യചിഹ്നവുമാണു. തീവ്രവാദികളും മറ്റ്‌ രാജ്യങ്ങളും ഇത് ടെസ്റ്റ്‌ ചെയ്ത് നോക്കാൻ നിര്ബന്ധിതരാവും. കാർഗിൽ നല്ല ഒരു ഉദാഹരണമാണ്. ന്യൂക്ലിയർ ഡോക്ട്രിനിൽ പറഞ്ഞ കാര്യങ്ങൾ രാഷ്ട്രീയമായ നേതൃത്വം ഫങ്ങഷണൽ അല്ലാത്ത ഒരു സാഹചര്യത്തിൽ ന്യൂക്ലിയർ കമാന്റിന്റെ ചുമതലയുള്ള പ്രതിരോധസേന നിർവഹിക്കണം. ആ സാഹചര്യത്തിൽ  ഒന്നോ രണ്ടോ ആളുകൾ  ഇത് വായിച്ചെടുക്കുന്നത് എങ്ങനെ എന്നതിനനുസരിച്ചിരിക്കും ഒരു ന്യൂക്ലിയർ ലോഞ്ച്.

ഒരു ആക്രമണം ഉണ്ടായാലുള്ള പ്രതികരണം ആലോചിക്കുന്നതിനു പകരം ഇത്തരം ഒരു ആക്രമണം തടയാൻ കഴിയുന്ന ഒരു പോളിസി ഉണ്ടാവുക ആണു വേണ്ടത്. ഏതെങ്കിലും രാജ്യത്ത് നിന്ന് വന്ന ന്യൂക്ലിയർ  ഡിവൈസ് ഉപയോഗിച്ച് ഒരു ആക്രമണം ഉണ്ടായാൽ അതിന്റെ പൂര്ണ്ണ  ഉത്തരവാദിത്തം ആ രാജ്യത്തിനു ആണു എന്ന്  വ്യക്തമാക്കണം. അത് ഇന്ത്യ എങ്ങനെ കണക്കാക്കുമെന്നും  അതിനോട് എങ്ങനെ  പ്രതികരിക്കും എന്നും  വ്യക്തമാക്കിയാൽ അത് ക്രെഡിബിൾ ആണെന്ന് വരികയും വേണം. ഇതൊന്നും വ്യക്തമാക്കാതെ ഉള്ള ഒരു ന്യൂക്ലിയർ പോളിസി ഗുണത്തെക്കാളേറെ റിസ്ക്‌ വര്ദ്ധിപ്പിച്ച് ദോഷമാണ് ഇന്ത്യക്ക് ചെയ്യുന്നത്.

Wednesday, November 20, 2013

ഐ എൻ എസ് വിക്രമാദിത്യയും പഴയ സ്കൂട്ടറിലെ പെയിന്റടിയും

ഐ എൻ എസ് വിക്രമാദിത്യ റഷ്യ പൊളിക്കാൻ ഇട്ട അഡ്മിറൽ ഗോർഷ്കോവ് എന്ന ഏതോ ഒരു തല്ലിപ്പൊളി കപ്പൽ ഇന്ത്യ പെയിന്റ് മാറ്റി അടിച്ച് എടുത്ത് കൊണ്ടുവന്നിരിക്കുക ആണെന്നും പഴയ ബജാജ് സ്കൂട്ടർ ഒക്കെ ഓടിച്ച പരിചയത്തിന്റെ ഒക്കെ പുറത്ത് ഇത് തള്ളി സ്റ്റാർട്ടാക്കേണ്ട ഗതികേട് വന്നാലോ എന്നൊക്കെ ആശങ്കപ്പെടുകയും ചെയ്യുന്ന ചില പോസ്റ്റുകൾ കാണാൻ ഇടയായി. ഇത് വിക്രമാദിത്യയെ പറ്റി വേണ്ടത്ര അറിയാതെ ഉള്ള കമന്റുകളാണു.

അഡ്മിറൽ ഗോർഷ്കോവ് എന്ന കപ്പൽ യു എസ് എസ് ആർ നേവി 1987ല് നിർമ്മിച്ച് പുറത്തിറക്കിയപ്പോഴേക്ക് അത് കൊണ്ട് നടക്കാനുള്ള സാമ്പത്തിക ശേഷി ആ രാജ്യത്തിനു ഇല്ലാതായിക്കഴിഞ്ഞിരുന്നു. അത് കാരണം പൂർണ്ണമായി ഉപയോഗിക്കാൻ സാമ്പത്തികപരാധീനത കാരണം കഴിയാതെ 1996ല് ഡീകമ്മീഷൻ ചെയ്യുക ആയിരുന്നു. അതായത് യൂസ്ഫുൾ ലൈഫ് കഴിഞ്ഞ ഉപയോഗശൂന്യമായ ഒരു സാധനം അല്ല റഷ്യക്കാരുടെ കൈയ്യിലിരിക്കുമ്പോൾ തന്നെ എന്നർത്ഥം. റഷ്യൻ നേവൽ സിദ്ധാന്തപ്രകാരം ഒരു വിമാനവാഹിനിക്കപ്പൽ ആയി അല്ല ഗോർഷ്കോവ് വിഭാവനം ചെയ്യപ്പെട്ടതും നിർമ്മിക്കപ്പെട്ടതും. വിമാനങ്ങളുടെ അകമ്പടിയുള്ള ഒരു മിസൈൽ ക്രൂയിസർ ബോട്ട് ആയിരുന്നു റഷ്യൻ നേവിയിൽ ഗോർഷ്കോവ്. (1990കളിൽ സോവിയറ്റ് യൂണിയൻ തകർച്ചയും തുടർന്ന് ഷ്യ എന്ന ചെറു രാജ്യമായി മാറുകയും ചെയ്യുന്നതിനിടയിൽ അനിശ്ചിതത്വത്തിൽ വീണു പോയ ഒരു പഴയ ലോകശക്തിയുടെ ആയുധനിർമ്മാണ ശേഷി ചുളു വിലയ്ക്ക് ഉപയോഗപ്പെടുത്തുക ആണു ഇന്ത്യൻ പ്രതിരോധമന്ത്രാലയം ചെയ്തത്. റ്റി 70 ടാകുകൾ തൊട്ട് സുഖോയ് വിമാനങ്ങളും ബ്രഹ്മോസ് മിസൈൽ വരെയും ഇന്ത്യ ഈ വഴിക്ക് സ്വന്തമാക്കിയതാണു. പണത്തിനു ഞെരുങ്ങിയ റഷ്യയ്ക്ക് അവരുടെ ആയുധനിർമ്മാനശേഷി നശിക്കാതെ ഫാക്ടറികളും ഗവേഷണവും നിലനിർത്തുന്നതിനു ഈ ഡീലുകൾ വളരെ സഹായകമാവുകയും ചെയ്തു.)

ഐ എൻ എസ് വിരാട് എന്ന് നിലവിലെ വിമാനവാഹിനിയുടെ ഡീക്കമ്മീഷനിങ്ങ് അടുത്ത് വരുന്നതിനും ഇന്ത്യ സ്വന്തമായി നിർമ്മിക്കുന്ന വിമാനവാഹിനികൾ പുറത്തിറങ്ങുന്നതിനുമിടയിൽ കുറച്ച് വർഷങ്ങളുടെ ഗ്യാപ്പ് രൂപപ്പെടുന്നത് മുങ്കൂട്ടി കണ്ട ഇന്ത്യ അഡ്മിറൽ ഗോർഷ്കോവ് എന്ന കൂറ്റൻ കപ്പലിൽ ഒരു വിമാനവാഹിനിയെ കണ്ടു. മിസൈൽ ക്രൂയിസർ ബോട്ടിനെ വിമാനവാഹിനിയായി അഴിച്ചു പണിയാനാണു ഇന്ത്യയും റഷ്യയും തമ്മിൽ കരാർ ഒപ്പിട്ടത്. ഇത് ചെറിയ ഒരു പണി ആയിരുനില്ല. മിസൈൽ ക്രൂയിസർ റോളിന്റെ ഭാഗമായി മുന്നിലെ ഡെക്കിൽ ഉണ്ടായിരുന്ന പീരങ്കികൾ, കപ്പൽ വേധ ഗണ്ണുകൾ, എയർ ഡിഫൻസ് ഗണ്ണുകൾ എന്നിവ നീക്കം ചെയ്തു.ഇതിന്റെ സ്ഥാനത്ത് സ്കീ ജമ്പ് മോഡലിൽ നീളം കൂട്ടിയ പുതിയ റൺ വേ ഡിസൈൻ ചെയ്ത് സ്ഥാപിക്കാൻ ഇന്ത്യ ആവശ്യപ്പെട്ടു. ഡെക്കിന്റെ വീതി പല ഭാഗങ്ങളിൽ കൂട്ടി. കപ്പലിന്റെ പിൻഭാഗത്തെ വിമാനങ്ങൾ കൊണ്ട് വരുന്ന എലവേറ്റര് ശക്തിപ്പെടുത്തി പുനർനിർമ്മിച്ചു പഴയതിനു പകരം സ്ഥാപിച്ചു. ലാന്റ് ചെയ്യുന്ന വിമാനങ്ങളെ പിടിച്ച് നിർത്തുന്ന റൺ വേയിലെ അറസ്റ്റർ കേബിൾ സിസ്റ്റം സ്കി ജമ്പ് സിസ്റ്റത്തിനായി പുതിയ ഡിസൈനിലേക്ക് മാറ്റി സ്ഥാപിച്ചു (ഒരു പാട് കാശ് ഇതിനു പൊട്ടി).

കപ്പലിന്റെ കാതലായ ഭാഗങ്ങൾ മുഴുവൻ മാറ്റിപ്പണിയേണ്ടിയും വന്നിട്ടുണ്ട്. ഉദാഹരണത്തിനു എഞ്ചിൻ ബോയിലറുകൾ ഡീസലിൽ ഓടാൻ പാകാത്തിനു മുഴുവനായി റീപ്ലേസ് ചെയ്തു.കമ്മ്യൂണിക്കേഷൻ എക്യുപ്മെന്റ് പഴയവ ഒഴിവാക്കി പകരം ലേറ്റസ്റ്റ് വെച്ചു. കപ്പലിൽ മുഴുവനായി ചുറ്റിപ്പിണഞ്ഞു കിടക്കുന്ന കിലോമീറ്ററുകൾ നീളമുള്ള വയറിങ്ങ് മുഴുവൻ റീപ്ലേസ് ചെയ്തു. ആദ്യം സൈൻ ചെയ്ത കരാറിൽ പറഞ്ഞ് കാശിനു ഇത് മുഴുവൻ ചെയ്താൽ മുതലാവില്ല എന്ന് പറഞ്ഞ് റഷ്യ ഒരു പാട് കാശ് പിന്നെയും വാങ്ങുകയും മേല്പറഞ്ഞ റീഡിസൈനിങ്ങ് പറഞ്ഞ സമയത്ത് പലപ്പോഴും പൂർത്ത്യാക്കാൻ കഴിയാത്തതിനാൽ ഡെലിവറി നീണ്ട് പോവുകയും ചെയ്തു.

ഒരു ഘട്ടത്തിൽ നിർമ്മാണം മുക്കാലും പൂർത്തിയായ ഘട്ടത്തിൽ ഈ കപ്പൽ ഇനി ഇന്ത്യ കൂടുതൽ കാശ് തന്നില്ലെങ്കിൽ റഷ്യൻ നേവി തന്നെ ഉപയോഗിക്കാം എന്നൊരു സജഷൻ അവരുടെ നേവിയിൽ നിന്ന് വരികയും അത് വെച്ച് റഷ്യ കൂടുതൽ കാശിനു വിലപേശുകയും ഉണ്ടായതായി കേട്ടിട്ടുണ്ട്. അതായത് ഷ്യൻ നേവിയുടെ നിലവാരത്തിൽ ഉള്ള മോഡേൺ കപ്പലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക് വിക്രമാദിത്യ. ഒരു വിമാനവാഹിനിക്കപ്പൽ എന്ന നിലയിൽ പല പോരായ്മകളും ഇപ്പോഴും വിക്രമാദിത്യയ്ക്ക് ഉണ്ട്. എന്നാൽ അത് തുരുമ്പ് പിടിച്ച ഒരു കപ്പൽ പെയിന്റ് അടിച്ച് എടുത്തതിന്റെ പ്രശ്നങ്ങൾ അല്ല എന്ന് മാത്രം പറയാം ചുരുക്കത്തിൽ.ഷ്യൻ നേവിയുടെ നിലവാരത്തിൽ ഉള്ള മോഡേൺ കപ്പലായിക്കഴിഞ്ഞിരുന്നു അപ്പോഴേക്ക് വിക്രമാദിത്യ. ഒരു വിമാനവാഹിനിക്കപ്പൽ എന്ന നിലയിൽ പല പോരായ്മകളും ഇപ്പോഴും വിക്രമാദിത്യയ്ക്ക് ഉണ്ട്. എന്നാൽ അത് തുരുമ്പ് പിടിച്ച ഒരു കപ്പൽ പെയിന്റ് അടിച്ച് എടുത്തതിന്റെ പ്രശ്നങ്ങൾ അല്ല എന്ന് മാത്രം പറയാം ചുരുക്കത്തിൽ.

Saturday, May 7, 2011

അമേരിക്കയും പാകിസ്താനും ഇന്ത്യൻ ഉപഭൂഖണ്ഡത്തിലെ തീവ്രവാദവും- Part 2

പാകിസ്താനിൽ നിന്നുള്ള നിരന്തരമായ ന്യൂക്ലിയർ ബ്ലാക്ക്മെയിലിങ്ങിന്റെ മറവിലെ തീവ്രവാദവും പാശ്ചാത്യ രാജ്യങ്ങളിൽ നിന്നുള്ള പൊളിറ്റിക്കൽ സമ്മർദ്ദവും മൂലം ഒരു പോയിന്റിൽ ഇന്ത്യ കശ്മീർ വിട്ട് കൊടുക്കാൻ നിർബന്ധിതമാവും എന്നും തുടർന്നങ്ങോട്ട് പാകിസ്താൻ എന്ന സഖ്യ കക്ഷിയുടെ സഹായത്തോടെ മേഖലയെ നിയന്ത്രിക്കാം എന്നും ആവണം അമേരിക്ക കണക്ക് കൂട്ടിയിരുന്നത്. എന്നിരുന്നാലും 1990കളിലെ Asian Great Gameൽ അമേരിക്കയെ സംബന്ധിച്ചിടത്തോളം ഇന്ത്യ പ്രാധാന്യം ഒട്ടും അർഹിക്കാത്ത ഒരു docile രാജ്യം മാത്രമായിരുന്നു. അവരുടെ ശ്രദ്ധ കാര്യമായി ചൈന, ഇറാൻ, റഷ്യ എന്നിവരിലായിരുന്നു. പാകിസ്താനെ എന്ത് വില കൊടുത്തും പിന്തുണയ്ക്കുക എന്നതിലൂടെ ഇന്ത്യയിലെ തീവ്രവാദത്തിൽ പരോക്ഷ പങ്കാളിത്തമാണു അമേരിക്കയ്ക്ക് ഉണ്ടായിരുന്നത്.

90കളൂടെ ആദ്യ പകുതി ഇന്ത്യക്ക് കറുത്ത ദിനങ്ങൾ ആയിരുന്നു. ജമ്മു & കശ്മീരിൽ ആയിരക്കണക്കിനു തീവ്രവാദികൾ നുഴഞ്ഞു കയറി ആക്രമിച്ചു. Gulbuddin Hekmatyarഉടെ അഫ്ഘാൻ ക്യാമ്പുകളിൽ നിന്ന് ട്രെയിനിങ് ലഭിച്ച് ഐഎസ്ഐയുടെ മേൽനോട്ടത്തിൽ ആയിരുന്നു നുഴഞ്ഞ കയറ്റം. ലക്ഷക്കണക്കിനു കശ്മീരി പണ്ഡിറ്റുകൾ താഴ്വരയിൽ നിന്ന് തുരത്തിയോടിക്കപ്പെട്ടു. Hazratbal പള്ളിയിൽ കയറിയ ദോസ്ത് ഗുല്ലിനേയും മറ്റ് തീവ്രവാദികളേയും ഒഴിപ്പിക്കുന്നതിൽ ഇന്ത്യൻ ആർമി പരാജയപ്പെട്ടു. Harkat-ul-Ansarന്റെ ഒമർ ഷെയ്ക്ക് ഉൾപ്പെടെ ഉള്ള ബ്രിട്ടീഷ്-പാക് തീവ്രവാദികൾ കശ്മീർ ഇഷ്യു അന്താരാഷ്ട്രവൽക്കരിക്കുന്നതിന്റെ ഭാഗമായി കശ്മീരിൽ വരുന്ന വിദേശ വിനോദ സഞ്ചാരികളെ തട്ടിക്കൊണ്ട് പോയി കൊലപ്പെടുത്തി. അതേ സമയം Laskar-e-Taiba പാകിസ്താനിലെ പഞ്ചാബിൽ നിന്ന് കശ്മീർ ജിഹാദിനായിനായി ആയിരങ്ങളെ റിക്രൂട്ട് ചെയ്യുകയും പ്രവർത്തനം ഇന്ത്യയുടെ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കുന്നതിന്റെ ഭാഗമായി ദാവൂദ് ഇബ്രാഹിം നെറ്റ് വർക്കുമായി ചേർന്ന് പ്രവർത്തിക്കാൻ ആരംഭിക്കുകയും ചെയ്തു. മാസങ്ങളോളം അമർച്ച ചെയ്യാനാവാതെ നിന്ന് കത്തിയ ജിഹാദിന്റെ തീയിൽ കശ്മീർ ഇന്ത്യയുടെ കൈ വിട്ട് പോകും എന്ന് തന്നെ തോന്നിച്ചു.

1996 ഒരു നിർണായക വർഷമായിരുന്നു. അഫ്ഘാനിസ്താനിൽ താലിബാൻ ഐ എസ് ഐയുടെ മേൽനോട്ടത്തിൽ അധികാരം പിടിച്ചെടുത്തിരിക്കുന്നു. ഇന്ത്യയുടെ സ്ഥിതി മോശമാണു. നരസിംഹ റാവുവിനു ശേഷം വന്ന സർക്കാരുകൾ തുടർച്ചയായി നിലം പൊത്തി. സാമ്പത്തിക പരിഷ്കരണം മന്ദഗതിയിൽ ആണു. കശ്മീരിലെ തീവ്രവാദം അതിന്റെ ഉച്ചസ്ഥായിൽ എത്തിയിരിക്കുന്നു. അഫ്ഘാനിസ്താനിൽ കൂടി പാകിസ്താനു അനുകൂലമായ ഭരണം വന്നത്തോടെ കശ്മീരിലെ സ്ഥിതി വരുന്ന വർഷങ്ങളിൽ മുമ്പെങ്ങുമില്ലാത്ത വിധം വഷളാവാനുള്ള സാധ്യതകൾ കാണുന്നു. ഈ നിർണായക ഘട്ടത്തിലാണു താലിബാൻ സുഡാനിൽ ഒളിവിൽ കഴിഞ്ഞിരുന്ന ഒസാമ ബിൻ ലാദനെ അഫ്ഘാനിസ്താനിലേക്ക് ക്ഷണിക്കുന്നത്. സുഡാൻ ഒസാമയെ പുറത്താക്കാൻ ശ്രമിക്കുന്ന സമയമായിരുന്നു ഇത്.

ബിൻ ലാദന്റെ ഇന്ത്യൻ ഉപഭൂഖണ്ഡത്തിലേക്കുള്ള മാറ്റം സൗദിക്കും അമേരിക്കയ്ക്കും പാകിസ്താനും ഒരേ പോലെ സ്വീകാര്യമായ തീരുമാനമായിരുന്നു ആ സമയത്ത്. അമേരിക്കയെ സംബന്ധിച്ചിടത്തോളം ബിൻ ലാദൻ തന്റെ പണവും സംഘടനയും പാശ്ചാത്യർക്ക് എതിരെ ഉപയോഗിക്കുന്നതിലും നല്ലത് ഇന്ത്യൻ കശ്മീരിൽ ഉപയോഗിക്കുന്നതായിരുന്നു. അൽ ഖയിദയുടെ ശ്രദ്ധ കശ്മീരിലെ ജിഹാദിലേക്ക് തിരിയുകയും അമേരിക്ക, ഇസ്രയേൽ, മറ്റ് സഖ്യകക്ഷികൾ എന്നിവർക്ക് നേരെയുള്ള ഭീഷണി ഒഴിയുകയും ചെയ്യാനുള്ള സാധ്യത അവർ കണക്ക് കൂട്ടി. സൗദി അറേബ്യക്കും ഒരു തലവേദന ഒഴിഞ്ഞ ആശ്വാസം. പാകിസ്താനാകട്ടെ അൽ ഖയിദയുടെ ആളും അർത്ഥവും കശ്മീരിലെ ജിഹാദിലേക്ക് വരുന്നത് മുൻ കൂട്ടി കണ്ട് ഈ നീക്കം സ്വാഗതം ചെയ്തു.

മനോഹരമായ ഈ പദ്ധതിയിൽ ഒരു പിഴവ് സംഭവിച്ചത് ലാദന്റെ പാശ്ചാത്യരാജ്യങ്ങൾക്കെതിരെ ഉള്ള പാൻ ഇസ്ലാമിക് ജിഹാദിനോടുള്ള സമർപ്പണവും കഠിനാധ്വാനവും കുറച്ച് കണ്ടതിലാണു. ലാദനെ സംബന്ധിച്ചിടത്തോളം കശ്മീർ ഒരു വിഷയമായിരുന്നില്ല. അറബ് രാജ്യങ്ങളിലെ പ്രശ്നങ്ങളും പലസ്തീൻ വിമോചനവുമെല്ലാം മുന്നിൽ കണ്ടുള്ള പദ്ധതികൾ ഉള്ള ലാദനെ കശ്മീരിൽ തളച്ചിടാൻ ആർക്കും കഴിയുമായിരുന്നില്ല. അമേരിക്കയും ഇസ്രയേലുമായിരുന്നു ലാദന്റെ ലക്ഷ്യം. ബിൻ ലാദന്റെ വരവോട് കൂടി പാകിസ്താൻ വ്യക്തമായ പ്ലാനോടെ മുന്നോട്ട് കൊണ്ട് പോയിരുന്ന കശ്മീരിലെ ജിഹാദ് പതുക്കെ പതുക്കെ വരുന്ന വർഷങ്ങളിൽ കൈവിട്ട് പോകാൻ തുടങ്ങുകയായിരുന്നു.